പത്തനംതിട്ട: ശബരിമല തീർഥാടകർക്ക് ശുചിമുറികളും കുളിമുറികളും സൗജന്യമാക്കി ദേവസ്വം ബോർഡ്. ശബരിമല സന്നിധാനം, പമ്പ, സ്വാമി അയ്യപ്പൻ റോഡ്, പരമ്പരാഗത പാത എന്നിവിടങ്ങളിലെ ശുചിമുറി, കുളിമുറി സൗകര്യങ്ങളാണ് ഭക്തർക്ക് സൗജന്യമായി ഉപയോഗിക്കാനാകുക.
ഇതൊരു വിപ്ലവകരമായ തീരുമാനമാണെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമലയിലെ ശുചിമുറികളുടെ നിലവാരത്തെക്കുറിച്ചും ഉപയോഗത്തിന് പണം ഈടാക്കുന്നതിനെക്കുറിച്ചും വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. തീർഥാടകരുടെ സൗകര്യവും ക്ഷേത്രദർശനത്തിനെത്തുന്നവരുടെ ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് തീരുമാനം.
അതേസമയം താൽപര്യമുള്ള ഭക്തർക്ക് സംഭാവനയായി പണം നൽകാനുള്ള അവസരം തുടരും. എന്നാൽ നിർബന്ധിത പണപ്പിരിവ് അനുവദിക്കില്ലെന്നും ദേവസ്വം അധികൃതർ പറഞ്ഞു.